തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതല്‍ മേഖലകളില്‍ വൈദ്യുതി നിയന്ത്രണത്തിനുള്ള ഉത്തരവ് ഇന്നിറങ്ങും. അതാത് സ്ഥലങ്ങളിലെ ചീഫ് എഞ്ചിനീയർമാരാണ് നിയന്ത്രണം സംബന്ധിച്ച ചാർട്ട് തയ്യാറാക്കി ഉത്തരവിറക്കുന്നത്. ഇന്നലെ പാലക്കാട് ട്രാൻസ്മിഷൻ സർക്കിളിന് കീഴിലെ സബ് സ്റ്റേഷനുകളില്‍ നിയന്ത്രണം ഏർപ്പെടുത്തി ഉത്തരവ് ഇറക്കിയിരുന്നു. വൈകിട്ട് ഏഴ് മുതല്‍ പുലർച്ചെ 1 മണി വരെയുള്ള സമയത്താണ് ഇടവിട്ട് നിയന്ത്രണം ഏർപ്പെടുത്തുക. പീക്ക് ആവശ്യകത കൂടിയ സ്ഥലങ്ങളിലാണ് നിയന്ത്രണമുണ്ടാകുക. നിലവില്‍ മലബാറിലാണ് വൈദ്യുതി ഉപയോഗം കൂടുതലായി ഉണ്ടാകുന്നത്. അതേസമയം വൈദ്യുതി ഉപയോഗത്തില്‍ സ്വയം നിയന്ത്രണമേർപ്പെടുത്താനായുള്ള മാർഗനിർദ്ദേശങ്ങളും കെ എസ് ഇ ബി പുറത്തിറക്കിയിട്ടുണ്ട്. വീടുകളില്‍ എ സിയുടെ ഊഷ്മാവ് 26 ഡിഗ്രിക്ക് താഴെ പോകാതെ നോക്കണമെന്നതാണ് ഇതില്‍ പ്രധാന നിർദ്ദേശം. രാത്രി പത്ത് മുതല്‍ പുലർച്ചെ രണ്ട് വരെ വൻകിട വ്യവസായ സ്ഥാപനങ്ങളുടെ പ്രവർത്തനം പുനഃക്രമീകരിക്കണം. രാത്രി ഒൻപതിന് ശേഷം അലങ്കാര ദീപങ്ങളും പരസ്യബോർഡുകളും പ്രവർത്തിപ്പിക്കരുത്. ജലവിതരണത്തെ ബാധിക്കാതെ വാട്ടർ അതോറിറ്റിയുടെ പ്ലംബിംഗ് ഒഴിവാക്കണം, ലിഫ്റ്റ് ഇറിഗേഷന്റെയും ജല അതോറിറ്റിയുടെയും പമ്ബിംഗ് രാത്രി ഒഴിവാക്കണമെന്നതടക്കമുള്ള മാർഗനിർദ്ദേശങ്ങളാണ് കെ എസ് ഇ ബി മുന്നോട്ടുവച്ചിരിക്കുന്നത്. വിശദവിവരങ്ങള്‍ ഇങ്ങനെ സംസ്ഥാനത്ത് മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണമാണ് കെ എസ് ഇ ബി ഇന്നലെ മുതല്‍ ഏർപ്പെടുത്തിയിരിക്കുന്നത്. ഇതിന്‍റെ ഭാഗമായി ആദ്യം നിയന്ത്രണം ഏർപ്പെടുത്തിയത് പാലക്കാട് ട്രാൻസ്മിഷൻ സർക്കിളിന് കീഴിലുള്ള പ്രദേശങ്ങളിലായിരുന്നു. മണ്ണാർക്കാട്, അലനല്ലൂർ, കൊപ്പം, ഷൊർണൂർ, ഒറ്റപ്പാലം, ആറങ്ങോട്ടുര, പട്ടാമ്ബി, കൂറ്റനാട്, പത്തിരിപ്പാല, കൊല്ലങ്കോട്, ചിറ്റൂർ, വടക്കഞ്ചേരി, കൊടുവായൂർ, നെന്മാറ, ഒലവക്കോട്, പൊന്നാനി, പെരിന്തല്‍മണ്ണ സബ്സ്റ്റേഷനുകളിലാണ് ഇന്നലെ നിയന്ത്രണം ഏർപ്പെടുത്തിയത്
The current will go out intermittently! Electricity control in more areas in the state from today, AC 26 to be enshrined